ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
സാമൂതിരിയുടെ പടയാളികളായ തളിയാതിരിമാര്‍ കുഴിച്ച കുളം ഉള്‍പ്പെടുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് തളിക്കുളം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. 1789-ല്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ആദ്യകാലത്ത് ഈ പ്രദേശം സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 1789-ലെ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളുമാണ് ഈ പ്രദേശത്തിലെ പ്രധാന റോഡുകളായി പില്‍ക്കാലത്ത് വികസിച്ചത്. ഈ റോഡുകള്‍ ഇപ്പോഴും ടിപ്പുസുല്‍ത്താന്‍ റോഡ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. എന്‍.എച്ച്-66 ഈ ബ്ലോക്ക് പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ബ്ലോക്കിലെ ഏക വ്യവസായ സ്ഥാപനമായ ട്രിച്ചൂര്‍ കോട്ടണ്‍ മില്‍സ് 1963-ല്‍ സ്ഥാപിതമായി. എന്നാൽ 90 കളുടെ അവസാനത്തോടെ ട്രിച്ചൂർ കോട്ടൻ മിൽ അടച്ചുപൂട്ടി.. 1932-ല്‍ തൊഴുത്തുംപറമ്പില്‍ രാഘവന്‍ ആദ്യമായി ഒരു പബ്ളിക് ലൈബ്രറി തളിക്കുളത്ത് ആരംഭിച്ചു. പരമ്പരാഗത മൂല്യങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍, കൃഷിരീതികള്‍, മതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സൌന്ദര്യസങ്കല്പങ്ങള്‍, ധാര്‍മികത, കലാരൂപങ്ങള്‍, രാഷ്ട്രീയ പോരാട്ടങ്ങള്‍ എന്നിവയിലൂടെ നേടിയ ആര്‍ജ്ജിത സഞ്ചയമാണ് മണപ്പുറത്തിന്റെ സാംസ്ക്കാരികതനിമ. ബുദ്ധജൈന പ്രഭാവ കാലഘട്ടം മുതലുള്ള ഒരു സാംസ്ക്കാരിക ചരിത്രം ഈ ബ്ലോക്ക് പ്രദേശത്തിനുണ്ട്. ഈ ബ്ലോക്കിലെ വാടാനപ്പള്ളി എന്ന സ്ഥലനാമം തന്നെ പാലിഭാഷയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് പറയപ്പെടുന്നു. അതുപോലെ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു നിലനിന്നിരുന്ന വ്യാവസായിക സാംസ്ക്കാരത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ഉയര്‍ന്നുവന്ന കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും സംസ്ക്കാരമാണ് ഏങ്ങണ്ടിയൂര്‍ പ്രദേശത്തിന്റെ സാംസ്ക്കാരിക അന്തര്‍ധാര. എ.ഡി.1500-നോടിനടുത്ത് വലപ്പാട് പ്രദേശത്തെ വലിയ ജന്മിയും നാട്ടു പ്രമാണിയുമായിരുന്ന ബ്ളാഹയില്‍ മൂപ്പില്‍ നായരെ സമീപിച്ച ക്രിസ്ത്യന്‍ മതവിശ്വാസികള്‍ അവര്‍ക്ക് ദേവാലയം പണിയുന്നതിനായി ഒരു വലവട്ടപാട് ചുറ്റളവില്‍ ഭൂമി ആവശ്യപ്പെടുകയും അത് അനുവദിക്കപ്പടുകയും ചെയ്തു. അതോടെ ഈ പ്രദേശത്തിന് വലപ്പാട് എന്ന് സ്ഥലനാമം ലഭിക്കുകയും ചെയ്തു. ചേറ്റുവയിലെ ഡച്ചുകോട്ട ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ പോരാട്ടങ്ങളുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ എന്നീ മൂന്നു മതവിഭാഗങ്ങളാണ് തളിക്കുളം ബ്ളോക്കില്‍ പ്രധാനമായുള്ളത്. ക്ഷേത്രോത്സവങ്ങളിലും പള്ളിപെരുന്നാളുകളിലും വിവിധ മതസ്ഥര്‍ ഒന്നിക്കാറുണ്ടെങ്കിലും അതിന്റെ കുത്തക അതാത് മതവിഭാഗങ്ങള്‍ക്കാണ്. തൃപ്പയാര്‍, ശ്രീരാമസ്വാമി ക്ഷേത്രം, ആയിരംക്കണ്ണി ക്ഷേത്രം, എഴണേഴത്ത് ഭഗവതി ക്ഷേത്രം തിരുവഞ്ചിക്കുളം ക്ഷേത്രം, പാലപ്പെട്ട ഭഗവതി ക്ഷേത്രം, എടമുട്ടം സുബ്രഹ്മണ്യക്ഷേത്രം, ആരിക്കിരി ഭഗവതിക്ഷേത്രം എന്നിവയാണ് പ്രധാന ക്ഷേത്രങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ അപൂര്‍വ്വമായിട്ടുള്ള തോല്‍ പാവക്കൂത്ത് വലപ്പാട് പഞ്ചായത്തിലെ പാലപ്പെട്ടി ക്ഷേത്രത്തില്‍ ഇന്നും നടത്തിവരുന്നു. വാടാനപ്പള്ളി, വലപ്പാട് എന്നീ പ്രദേശങ്ങളില്‍ ഒരോ ക്ഷേത്രത്തില്‍ ജാതി തിരഞ്ഞ് മൂന്നു വിഭാഗങ്ങളായി ഉത്സവങ്ങള്‍ നടത്തുന്നത് ഒരു പ്രത്യേകതയാണ്. ചേറ്റുവ പള്ളി, വാടാനപ്പള്ളി വടക്കേ ജുമാഅത്ത് പള്ളി, തെക്കേ ജുമാഅത്ത് പള്ളി, തളിക്കുളം ജുമാഅത്ത് പള്ളി, നാട്ടിക ജുമാഅത്ത് എന്നിവയാണ് ഇവിടുത്തെ പ്രധാന മുസ്ളീം ആരാധാലയങ്ങള്‍. ക്രിസ്ത്യന്‍ മതവിഭാഗം പൊതുവെ കുറവാണ്. വലപ്പാട് സെന്റ് സെബാസ്റ്റ്യനോസ് പളളി പഴക്കം ചെന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണ്. ദാരികനും, കാളിയും കാളകളി, കുറത്തികളി, ഐവര്‍കളി, മുക്കന്‍ചാത്തന്‍, മകംപാട്ട്, പുളളുവന്‍ പാട്ട്, കളമെഴുത്ത് പാട്ട്, സര്‍പ്പം പാട്ട്, തിരുവാതിരക്കളി, ഓണക്കളി, കോല്‍ക്കളി, തെരുപ്പറക്കല്‍, അറവനമുട്ട് എന്നീ നാടന്‍ കലാരൂപങ്ങള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്ന നാടാണിത്. വിരലിലെണ്ണാവുന്ന ചില ജന്മി കുടുംബങ്ങള്‍ക്കായിരുന്നു ഭൂമിയുടെ അവകാശം.. 1970-ല്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമം കൃഷിഭൂമി കര്‍ഷകന്റേതാക്കി.
കഴിഞ്ഞകാലങ്ങളില്‍ ഈ പ്രദേശത്ത് തെങ്ങ്, കവുങ്ങ്, കശുമാവ്, പച്ചക്കറി, നെല്ല് എന്നിവയ്ക്ക് തുല്യ പ്രാധാന്യമാണ് കൃഷിക്കാര്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലുണ്ടായ പുതിയ സാഹചര്യത്തില്‍ കൃഷി പ്രധാനമായും തെങ്ങിലും കവുങ്ങിലുമായി ചുരുങ്ങിയിരിക്കുന്നു. മണപ്പുറത്തെ ജനങ്ങളുടെ ഇന്നത്തെ സമസ്തപുരോഗതിക്കും അടിസ്ഥാനം വിദ്യാഭ്യാസരംഗത്തെ പടിപടിയായ വളര്‍ച്ചയായിരുന്നന്ന് നിസ്സംശയം പറയാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം വരെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒറ്റപ്പെട്ട ചില അനൌപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ മാത്രമായിരുന്നു ആശ്രയം. മുഖ്യമായും വരേണ്യവര്‍ഗ്ഗത്തിനു മാത്രം പ്രാപ്യമായിരുന്നു പ്രസ്തുത കേന്ദ്രങ്ങള്‍. ജനകീയ വിദ്യാഭ്യാസ തല്‍പ്പരരായ ചില മഹദ് വ്യക്തികളുടെ ശ്രമഫലമായി സമൂഹത്തിന്റെ വിദ്യാഭ്യാസ തൃഷ്ണ കെട്ടടങ്ങാതെ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ അന്നും കഴിഞ്ഞിരുന്നു. 1860-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ കീഴില്‍ തളിക്കുളം കേന്ദ്രമായി ഈ മണപ്പുറത്തെ ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായി. റവ:ബാവര്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സ്ഥാപിച്ചതും ഇന്ന് സി.എം.എസ്.യു.പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നതുമായ പ്രസ്തുത സ്ഥാപനം ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ കാല്‍വെപ്പായിരുന്നു.. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വ്യാപകമായ സിലോണ്‍ കുടിയേറ്റവും സാമൂഹ്യ പരിഷ്ക്കരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളും മണപ്പുറത്തെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകളും അമൂല്യങ്ങളാണ്.
തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് തളിക്കുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. തളിക്കുളം ബ്ളോക്കിന് 65.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ചേറ്റുവ പുഴയും, കിഴക്കുഭാഗത്ത് കനോലി കനാലും, തെക്കുഭാഗത്ത് എടത്തിരുത്തി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് അതിരുകള്‍. 1957-ന്റെ അവസാനത്തോടുകൂടിയാണ് തളിക്കുളം എന്‍.ഇ.എസ് ബ്ളോക്ക് രൂപീകൃതമായത്.. പഴയ ബ്രിട്ടീഷ് മലബാറിലെ ചേറ്റുവ മുതല്‍ എടത്തിരുത്തി പഞ്ചായത്ത് വരെ പരന്ന് കിടക്കുന്ന ഈ ഭൂപ്രദേശത്തിന് ഒരു കാലത്ത് കനോലികനാലില്‍ കൂടിയുള്ള ഗതാഗത സൗകര്യം മത്രമേ ഉണ്ടായിരുന്നുള്ളൂ. തൃപ്രയാര്‍പാലം, കണ്ടാംശ്ശാംകടവ് പാലം, ചേറ്റുവ പാലം എന്നിവ ഈ ഭൂപ്രദേശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് കാരണമായി. പ്രാചീന കാലം മുതലേ കൊച്ചിയ്ക്കും പൊന്നാനിയ്ക്കുമിടയില്‍ എല്ലാവിധ കച്ചവടങ്ങള്‍ക്കും യാത്രകള്‍ക്കും ഉപയോഗിച്ചു പോന്നിരുന്ന ഏറ്റവും പ്രാധാന്യമേറിയ ഒരു ജലഗതാഗത മാര്‍ഗ്ഗം കൂടിയായിരുന്നു കനോലി കനാല്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം കടല്‍ ആയിരുന്നുവെന്നും പിന്നീട് കടല്‍ പിന്‍വാങ്ങി കര രൂപംകൊണ്ടുണ്ടായ ഭൂപ്രദേശമാണെന്നുമുള്ളതിന് ഖനനം ചെയ്തപ്പോള്‍ ലഭിച്ച കടല്‍ക്കക്കകളില്‍ നിന്നും മറ്റ് അവശിഷ്ടങ്ങളില്‍ നിന്നും തക്കതായ തെളിവു ലഭിച്ചിട്ടുണ്ട്. ബ്ളോക്ക് പഞ്ചായത്തിന്റെ മധ്യഭാഗത്തു കൂടി എന്‍.എച്ച്-66 കടന്നുപോകുന്നു. ദേശീയപാതയുടെ സമാന്തരമായി കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡും പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡും സ്ഥിതി ചെയ്യുന്നു. തീരദേശമാകയാല്‍ ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്ത് ഒരേ രീതിയിലുള്ള ഭൂപ്രകൃതിയാണുള്ളത്. എന്നിരുന്നാലും കനോലികനാലിനും, കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിനും ഇടയില്‍ പശിമയുള്ള കളിമണ്ണും ദേശീയപാതക്ക് ഇരുവശവും പൂഴിമണ്ണും കടല്‍ത്തീരമണലും കാണപ്പെടുന്നു.. വേനലില്‍ ജലദൌര്‍ലഭ്യം കാര്യമായി ഇവിടെ ബാധിക്കുന്നില്ലെന്ന് പറയാം. തെക്കുവടക്കായി നീണ്ടുകിടക്കുന്ന ശരാശരി 5 കിലോമീറ്റര്‍ വീതിയും 20 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് തളിക്കുളം ബ്ളോക്ക് പഞ്ചായത്ത്. മൊത്തത്തില്‍ പശിമ കുറഞ്ഞ തീരദേശ മണല്‍ മണ്ണാണ് കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ജലസംഭരണശേഷി കുറവും അമ്ളതയും ലവണാംശങ്ങളും കൂടുതലുമാണ്.